കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നാളെ

കൊട്ടാരക്കര :കാത്തിരിപ്പിനൊടുവിൽ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നു. നിർമാണം പൂർത്തിയാക്കിയ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എ.മാരും ജനപ്രതിനിധികളും വിവിധ കക്ഷിനേതാക്കളും പങ്കെടുക്കുമെന്ന് അയിഷാപോറ്റി എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ടത്തിൽ 16 ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക. രണ്ടാംഘട്ട നിർമാണത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്‌. ഉടൻ നിർമാണം ആരംഭിക്കും. വലിയ മഴവെള്ളസംഭരണിയും സൗരോർജ പ്ലാന്റും രണ്ടാംഘട്ടത്തിൽ സിവിൽ സ്റ്റേഷനിലുണ്ടാകും.നഗരസഭാധ്യക്ഷ ബി.ശ്യാമളയമ്മ, തഹസിൽദാർ ബി.അനിൽകുമാർ, പി.ഡബ്ല്യു.ഡി. എൻജിനീയർ വിനോദ്കുമാർ തുടങ്ങിയവർ എം.എൽ.എ.യ്ക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.അറുപതിലധികം സർക്കാർ ഓഫീസുകളാണ് കൊട്ടാരക്കരയിലുള്ളത്.ഇതിൽ 23 ഓഫീസുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നഗരത്തിൽ പലയിടത്തായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ എത്തിക്കുകയാണ്‌ മിനി സിവിൽ സ്റ്റേഷൻ പദ്ധതിയുെട ലക്ഷ്യം.

താലൂക്ക് ഓഫീസ്, ജില്ലാ ട്രഷറി, സബ് ട്രഷറി, ലീഗൽ മെട്രോളജി, താലൂക്ക് വ്യവസായ ഓഫീസ്, ജി.എസ്.ടി. (സെയിൽസ് ടാക്സ് ഇൻലിജൻസ് വിഭാഗം സ്ക്വാഡ്-2), നഗരസഭ കൃഷിഭവൻ, ജോയിന്റ് ആർ.ടി.ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, താലൂക്ക് എംപ്ലോയ്‌മെന്റ് ഓഫീസ്, അസി. ലേബർ ഓഫീസ്, ഫുഡ് ഇൻെസ്പക്ടർ ഓഫീസ്, ഊർജിത കന്നുകാലി വികസന പദ്ധതി ഓഫീസ്, കന്നുകുട്ടിപരിപാലന പദ്ധതി കാര്യാലയം, മേഖലാ മൃഗസംരക്ഷണകേന്ദ്രം എന്നിവയാണ്‌ മിനി സിവിൽ സ്റ്റേഷനിലേക്ക്‌ മാറുന്നത്‌.