കൊട്ടാരക്കരയിലെ മത്സ്യമാർക്കറ്റിന്റെ നവീകരണത്തിന് 16.24 കോടി

കൊട്ടാരക്കര: ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ഒരുക്കി കൊട്ടാരക്കര ഉൾപ്പടെ ജില്ലയിലെ 19 മത്സ്യമാർക്കറ്റുകൾ നവീകരിക്കാൻ 64.77 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി.ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.കിഫ്ബി ഫണ്ട് ലഭ്യമാക്കി 185 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 58 മാർക്കറ്റുകൾ നവീകരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ നിന്നുള്ള 19 മാർക്കറ്റുകൾ തിരഞ്ഞെടുത്തിട്ടുള്ളത്.തുക കിഫ്ബിയിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

പരമ്പരാഗത മാർക്കറ്റുകളിൽ നിലനിൽക്കുന്ന വൃത്തിഹീനമായ അന്തരീക്ഷം മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യമാർക്കറ്റുകൾ നിർമ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ശീതീകരിച്ച സ്റ്റോറേജ് സൗകര്യം, വൃത്തിയുള്ള ചുറ്റുപാട്, മൊത്തക്കച്ചവടത്തിനും ചില്ലറക്കച്ചവടത്തിനും പ്രത്യേകം സ്ഥലങ്ങൾ, മത്സ്യം വിൽക്കുന്നതിന് ഗ്രാനൈറ്റ് പാകിയ ഉയർന്ന പ്ലാറ്റ്‌ഫോം,മത്സ്യം വൃത്തിയാക്കുന്നതിനും മുറിക്കുന്നതിനുമുള്ള പ്രത്യേകം സ്ഥലം, മാലിന്യ സംസ്കരണ പ്ലാന്റ്, മത്സ്യത്തൊഴിലാളികൾക്ക് വസ്ത്രം മാറുന്നതിനുള്ള സ്ഥലം, വിശ്രമ സ്ഥലം, ആധുനിക വാർത്താവിനിമയ സംവിധാനം, മത്സ്യവില പ്രദർശിപ്പിക്കുന്ന ബോർഡുകൾ, ഫ്‌ളൈക് ഐസ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ്, ടോയിലറ്റ് സൗകര്യം, വഴുവഴുപ്പില്ലാത്ത ടൈൽസ് പാകിയ തറ, ഡ്രൈനേജ് സൗകര്യം, ഗതാഗത സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് ആധുനിക മാർക്കറ്റ് സംവിധാനം ഒരുക്കുന്നത്.
കൊട്ടാരക്കര (16.24 കോടി) കൂടാതെ ജില്ലയിലെ ഇടപ്പള്ളിക്കോട്ട (15 കോടി രൂപ), ശാസ്താംകോട്ട (3.89 കോടി), കിഴക്കേക്കല്ലട (1.82 കോടി), പുത്തൂർ (2.44 കോടി), മുക്കട (1.07കോടി), നല്ലില (99 ലക്ഷം), പനയം (1.53 കോടി), കടപ്പാക്കട (2.85 കോടി), അഞ്ചാലുംമൂട് (1.43 കോടി), തങ്കശ്ശേരി (3.40 കോടി), മൂന്നാംകുറ്റി (3.12 കോടി), ചാത്തന്നൂർ (2.78), കൊട്ടിയം 2.56 കോടി), പാരിപ്പള്ളി (3.45 കോടി), ചിതറ കിഴക്കുംഭാഗം (2.45 കോടി), കടയ്ക്കൽ (3.36 കോടി), പുനലൂർ (6.70 കോടി), അഞ്ചൽ (3.12 കോടി) എന്നീ മാർക്കറ്റുകളാണ് നവീകരിക്കുന്നത്.