സൈനികന്റെ വീടാക്രമണം: പ്രതികളെ പോലീസ് തന്ത്രപൂർവം കുടുക്കിയത് ഇങ്ങനെ

കൊട്ടാരക്കര : പുത്തൂർ തെക്കുംപുറത്ത് സൈനികന്റെ വീടാക്രമിച്ചുകടന്ന സംഘത്തെ പോലീസ് പിടികൂടിയത് ബുദ്ധിപരമായ നീക്കങ്ങൾക്കൊടുവിൽ. വന്നവഴി പോകാതെയും ഫോണെടുക്കാതെയും വഴിതെറ്റിക്കാൻ സംഘം ശ്രമിച്ചെങ്കിലും പോലീസ് അതിവേഗം പിന്നാലെയെത്തി.പ്രതികളെ പിടികൂടേണ്ടത് റൂറൽ എസ്.പി. ബി.അശോകനും സംഘത്തിനും അഭിമാനപ്രശ്നമായിരുന്നു. അക്രമിസംഘം തെക്കുംപുറത്ത് എത്തിയ വഴിയിലെയും മടങ്ങിയ വഴിയിലെയും ഇരുപതോളം സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസിന്റെ തുടക്കം. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ സിനിമാപറമ്പ് കമ്പലടിയിലേക്ക് സംഘത്തിന്റെ വാഹനം കടക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ പോലീസിന്‌ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.അക്രമത്തിനുപിന്നിൽ ആരെന്ന് ഉറപ്പിച്ചതോടെ അക്രമികളെത്തിയ വെള്ള വാൻ തേടിയിറങ്ങിയ പോലീസ് ആദ്യം ഞെട്ടിപ്പോയി. കുന്നത്തൂർ താലൂക്കിൽമാത്രം 190 വെള്ള വാനുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. മുന്നൂറോളം വാനുകളാണ് ഈ ഭാഗത്തുനിന്ന്‌ മെത്ത, കർട്ടൻ വിൽപ്പനയ്ക്കായി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പുറപ്പെടുന്നത്.

സംഘത്തിലൊരാളെ പാലക്കാട്ടുനിന്ന്‌ പിടികൂടിയതോടെ മറ്റുള്ളവർ കണ്ണൂരിലാണെന്ന് മനസ്സിലായി. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സ്ഥിരം തങ്ങുന്ന ഇടങ്ങളിലേക്ക് അന്വേഷണസംഘമെത്തി. മൂന്നുപേരെ ലോഡ്ജിൽനിന്നും ഒരാളെ ഓടിച്ചിട്ടും പിടിച്ചു. എസ്.ഐ. ബിനോജിന്റെ നേതൃത്വത്തിൽ സ്ക്വാഡ്‌ അംഗങ്ങളായ എ.സി.ഷാജഹാൻ, കെ.ശിവശങ്കരപ്പിള്ള, വി.അജയകുമാർ, കെ.ആർ.രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ എന്നിവരുടെ ശ്രമഫലമായാണ് അക്രമിസംഘം പിടിയിലായത്. ജാഗ്രത അല്പം കൈവിട്ടിരുന്നെങ്കിൽ നാട്ടിൽ കലാപമുണ്ടാകുമായിരുന്ന അന്തരീക്ഷത്തെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ.എസ്.പി. ജെ.ജേക്കബും സി.ഐ.മാരായ ഗോപകുമാറും ബിനുകുമാറും.
Content Credit:Mathrubhumi