പുത്തൂരിലെ സൈനികന്റെ വീട് അക്രമിച്ച സംഭവം;അഞ്ച് പ്രതികൾ കണ്ണൂരില് നിന്നും പിടിയിലായി

പുത്തൂരിൽ സൈനികന്റെ വീടാക്രമിച്ച കേസിൽ അഞ്ച് പേരെ കണ്ണൂരില് നിന്ന് പിടികൂടി.ശാസ്താംകോട്ട ചക്കുവള്ളി ,സിനിമാ പറമ്പ് സ്വദേശികളായ അജിവാന്, നിസാം, അമീന്, റിന്ഷാദ്, ഷാനവാസ് എന്നിവരെ പറശ്ശിനിക്കടവില് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കൊട്ടാരക്കരയില് വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കത്തിന്റെ ബാക്കിയെന്നോണമാണ് പുത്തൂര് തെക്കുംപുറത്ത് സൈനികന്റെ വീട് അടിച്ചുതകര്ത്തത്.
വാഹനത്തിനു സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്ക്കത്തില് ഇറച്ചിവ്യാപാരിക്കും സഹായിക്കും മര്ദ്ദനമേറ്റ സംഭവം ഗോരക്ഷാ ആക്രമണമാക്കി തീര്ത്ത് അക്രമമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ കണ്ടെത്തല്. മതസ്പര്ദ്ധ വളര്ത്തി ലഹള സൃഷ്ടിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പൊലീസ് അന്വേണത്തില് കണ്ടെത്തിയിരുന്നു.
നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുഴുവന് സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണങ്ങള് ഏര്പ്പെടുത്തുകയും ചെയ്തതിനാലാണ് മറ്റ് അനിഷ്ടസംഭവങ്ങളിലേക്ക് നീങ്ങാത്തതെന്നാണ് പൊലീസ് കണക്കുകൂട്ടല്.ഏഴുപേരാണ് ആക്രമിസംഘത്തിലുണ്ടായിരുന്നത്.സംഭവുമായി ബന്ധപ്പെട്ട് ഒരാൾ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഇയാളും കാലടി സ്വദേശിയായ ഷാനവാസും ചേര്ന്നാണ് അക്രമസംഭവങ്ങള് ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.