പ്രായപൂർത്തിയാവാത്ത പെൺകുട്ടിയടക്കം 24 സ്ത്രീകളെ പ്രാർത്ഥനയ്ക്ക് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇടവക വികാരി പീഡിപ്പിച്ചതായി ആക്ഷേപം; കത്തോലിക്കാ പള്ളിയിലെ പീഡന വിവാദം ഇങ്ങനെ

മൂന്നാർ: പലതരം പീഡന വിവാദത്തിൽ ഉലയുകയാണ് കേരളത്തിലെ കത്തോലിക്കാ സഭകൾ. ഓർത്തഡോക്സ് സഭയെ പിടിച്ചുലയ്ക്കുന്നത് കുമ്പസാര രഹസ്യം ഉയർത്തിയുള്ള പീഡനമാണ്. ലത്തീൻ സഭയെ ജലന്ധർ രൂപതാധ്യക്ഷന്റെ കന്യാസ്ത്രീ പീഡനവും വലയ്ക്കുന്നു. ഇതിനിടെ കത്തോലിക്കാ സഭയെ നാണം കെടുത്താൻ മൂന്നാറിൽ നിന്നൊരു വിവാദവും. ഇവിടെ പള്ളി വികാരിയായിരുന്ന വൈദീകൻ വിശ്വസികളായ 24 സ്ത്രീകളെ പീഡിപ്പിച്ചതായാണ് ആക്ഷേപം.
വിവരമറിഞ്ഞെത്തിയ വിശ്വാസികളിൽ ചിലർ പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങടക്കം സൂക്ഷിച്ചിരുന്ന വൈദീകന്റെ ലാപ്ടോപ്പ് തല്ലിപ്പൊളിച്ചെന്നും ഈ അവസരത്തിൽ ഇത് ഗൂഗിൾ ഡ്രൈവിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയെന്നുമാണ് ഉയരുന്ന വാദം. തനിക്കെതിരെ നീങ്ങിയാൽ ഏത് നിമിഷവും ഇത് ഇന്റർനെറ്റിൽ പ്രചരിക്കുമെന്ന് ഭീഷിണി മുഴക്കിയെന്നും ഇതേത്തുടർന്നാണ് ഇതുവരെ ഈ വിഷയത്തിൽ പരാതി ഉയരാത്തതെന്നുമാണ് ഇടവക്കാരായ ചിലരിൽ നിന്നും ലഭിച്ച വിവരം.