ഫയർ സ്റ്റേഷൻ കൊട്ടാരക്കര നഗരസഭയിൽ നിന്നും നീക്കാൻ നടപടി ആരംഭിച്ചു

കൊട്ടാരക്കര:കൊട്ടാരക്കര ∙ ഫയർ സ്റ്റേഷൻ കൊട്ടാരക്കര നഗരസഭയ്ക്കു നഷ്ടമാകുന്നു. എംസി റോഡരികിൽ പുത്തൂർമുക്കിലെ കെഎസ്ടിപി സ്ഥലത്തേക്കു മാറ്റാൻ നടപടി ആരംഭിച്ചു. സ്ഥലം ലഭ്യമാക്കാമെന്ന പഞ്ചായത്തിന്റെ ഉറപ്പിൽ സർക്കാർ നടപടി തുടങ്ങി. നിലവിൽ പുലമൺതോടിനു സമീപത്ത് മാർക്കറ്റിനായി പണികഴിപ്പിച്ച സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഇവിടെ പ്രവർത്തനാനുമതി മാത്രമാണു ലഭിച്ചത്. പരിമിതമായ സൗകര്യങ്ങളോടെയാണു പ്രവർത്തനം.
സ്ഥലം വിട്ടുകിട്ടാതെ നവീകരണ നടപടികൾ നടത്താനാകില്ല. ഈ സാഹചര്യത്തിൽ സ്വന്തമായി സ്ഥലം കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. നെടുവത്തൂരിലും മൈലത്തും സ്ഥലം നൽകാമെന്ന ഉറപ്പും ലഭിച്ചു. ഇതിനിടെയാണു പുത്തൂർമുക്കിൽ പഴയ എംസി റോഡ് ഭാഗത്തെ 30 സെന്റ് കെഎസ്ടിപി സ്ഥലത്തേക്കു ഫയർ സ്റ്റേഷൻ മാറ്റാൻ നീക്കം ആരംഭിച്ചത്. കുളക്കട പഞ്ചായത്തിൽ നിന്നു സർക്കാരിൽ കടുത്ത സമ്മർദമാണുള്ളത്. എന്നാൽ ഫയർ സ്റ്റേഷൻ നിലവിലുള്ള സ്ഥലത്ത് തുടരുന്നതാണു കൂടുതൽ അഭികാമ്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. സ്ഥലം വിട്ടുനൽകാൻ നഗരസഭ തയാറായാൽ മാറ്റേണ്ടിവരില്ല.
പല തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ ഇതിനുള്ള നടപടി സ്വീകരിച്ചില്ല. കൊട്ടാരക്കര നിന്ന് ഏഴ് കിലോമീറ്ററോളം ദൂരത്തിലാണു പുത്തൂർമുക്ക്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്. റൂറൽ ജില്ലാ പൊലീസ് മാതൃകയിൽ റൂറൽ ജില്ലാ ഫയർ ഓഫിസിനും സർക്കാരിൽ ശുപാർശ എത്തി. ഇതും കൊട്ടാരക്കരയ്ക്കു നഷ്ടമാകാനാണു സാധ്യത.
content credit:malayala manorama