കുണ്ടറ സ്വദേശിനി ആലീസിന്റെ വധം;പ്രതിക്ക് വധശിക്ഷ

കൊല്ലം: കുണ്ടറയിൽ ആലീസ് എന്ന സ്ത്രീയെ കവർച്ചയ്ക്കിടെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ ചെട്ടിയാരുടെ മകൻ ഗിരീഷിനാണ് വധശിക്ഷ ലഭിച്ചത്.
2013 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എം.വി.സദനിൽ വർഗീസിന്റെ ഭാര്യ ആലീസിന്റെ ( 57) വീട്ടിൽ മോഷണത്തിനായി എത്തിയ പ്രതി കവർച്ചയ്ക്ക് ശേഷം അവരെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് കേസ്. മറ്റൊരു കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ആലീസിനെ കുറിച്ച് സഹതടവുകാരിൽ നിന്ന് മനസിലാക്കിയത്. ആലീസിന്റെ ഭർത്താവ് ഗൾഫിലാണെന്ന് മനസിലാക്കിയ ഗിരീഷ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ആലീസിന്റെ വീട്ടിൽ മോഷണത്തിനായി എത്തി. തുടർന്ന് സംഭവദിവസം വീട്ടിലെത്തിയ ഗിരീഷ് കുളി കഴിഞ്ഞ് വരികയായിരുന്ന ആലീസിനെ മാനഭംഗപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു. എന്നാൽ, ആലീസ് ഒച്ചവയ്ക്കാൻ ശ്രമിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കണ്ണനല്ലൂരിലെത്തി ആഭരണങ്ങൾ വിറ്റു. പിന്നീട് സംശയകരമായ സാഹചര്യത്തിൽ കണ്ട ഗിരീഷിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്പ്പോഴാണ് കൊലപാതകം സംബന്ധിച്ച വിവരം പുറത്ത് വന്നത്.