കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം 23-ലേക്ക്‌ മാറ്റി

കൊട്ടാരക്കര : മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം വീണ്ടും മാറ്റി. ഒൻപതിന് നടത്താനിരുന്ന ഉദ്ഘാടനം 23-ലേക്ക്‌ മാറ്റി. ഒൻപതിന് മുഖ്യമന്ത്രിയെ ലഭിക്കില്ലെന്നതാണ്‌ കാരണം. ഉദ്ഘാടനത്തിനായി നിശ്ചയിച്ച മൂന്നാമത്തെ തീയതിയാണ് മാറുന്നത്.23-ന് മൂന്നിന് ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പം പൊതുമരാമത്ത് മന്ത്രിയും റവന്യൂമന്ത്രിയും പങ്കെടുക്കും. 9.65 കോടി രൂപ ചെലവിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ സിവിൽ സ്റ്റേഷനിൽ 15 ഓഫീസുകളാണ് പ്രവർത്തിക്കുക. 2006-ൽ തറക്കല്ലിട്ടെങ്കിലും നിർമാണം ആരംഭിച്ചത് 2008-ലാണ്.

പണലഭ്യതയുടെ തടസ്സവും കരാറുകാരനുമായുള്ള തർക്കവും നിർമാണം ഇഴയുന്നതിനു കാരണമായി.രണ്ടാംഘട്ട നിർമാണത്തിനായി 7.30 കോടിയുടെ സാങ്കേതികാനുമതിയും ആയിട്ടുണ്ട്. ഉദ്ഘാടനം നീളുന്നത് ഇവിടെ പ്രവർത്തനമാരംഭിക്കേണ്ട ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.ഫർണിച്ചറും ഫയലുകളും മാറ്റുന്ന ജോലികൾ തുടങ്ങിക്കഴിഞ്ഞു.