‘അമ്മ’ വിവാദം; ഒടുവില്‍ ദിലീപ് പ്രതികരിക്കുന്നു

താരസംഘടനയായ ‘അമ്മ’യില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചതിനു പിന്നാലെ വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ദിലീപ്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി നടി സംഘടനയ്ക്കു നല്‍കിയിരുന്നെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്മയില്‍ നിന്നും തന്നെ പുറത്താക്കിയ വിവരമോ തിരിച്ചെടുത്ത വിവരമോ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും പരസ്യ പ്രതികരണത്തിന് തനിക്ക് നിയമ വിലക്കും പരിമിതികളുമുള്ളതിനാല്‍ ദിലീപ് ഇക്കാര്യം സുഹൃത്തക്കളോടാണ് പറഞ്ഞിരിക്കുന്നത്. അതേസമയം നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന ‘അമ്മ’ വ്യക്തമാക്കി.ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി അടക്കം നാലുനടിമാർ ഇന്നലെ അമ്മയിൽ നിന്നും രാജി വച്ചിരുന്നു. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരാണ് മറ്റു നടിമാർ.

തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിനു മുന്പ് ഈ നടൻ തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വയ്‌ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.