കൊല്ലം റെയിൽവേ സ്റ്റേഷനിൽ ബഗ്ഗി സേവനം ആരംഭിച്ചു

കൊല്ലം:റെയിൽവേ സ്റ്റേഷനിലെത്തുന്നവർ പ്ലാറ്റ്ഫോമിൽനിന്ന് പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ ഇനി നടന്ന്‌ അവശരാവേണ്ട. ബഗ്ഗി സേവനം തയ്യാറായിക്കഴിഞ്ഞു. പ്രായമായവരെയും സ്ത്രീകളെയും കണക്കിലെടുത്താണിത്.പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ ലഗേജുമായി നടന്നുനീങ്ങാൻ പ്രയാസപ്പെടുന്നവർക്ക് ഈ വാഹനത്തെ ആശ്രയിക്കാം. ചെറിയ കാറിന്റെ രൂപമാണ് ബഗ്ഗിക്കുള്ളത്. ഓരോ പ്ലാറ്റ്ഫോമിലുമുണ്ടാകും ഒരെണ്ണം. ആദ്യഘട്ടത്തിൽ രണ്ട് ബഗ്ഗികൾ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ പ്രവർത്തിച്ചുതുടങ്ങി.
24 മണിക്കൂറും ബഗ്ഗിയുടെ സേവനം ലഭ്യമാണ്. ഒരേസമയം ഡ്രൈവറടക്കം അഞ്ചുപേർക്ക് സഞ്ചരിക്കാം. ഒരാൾക്ക് മുപ്പതുരൂപവീതമാണ് ഈടാക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ മെയ്നി മെറ്റീരിയൽസ് ആൻഡ്‌ മൂവ്മെന്റ്സ്‌ എന്ന സ്ഥാപനമാണ് ഈ ഇലക്‌ട്രിക്‌ കാറിന്റെ കരാറുകാർ.

ഒരു ബഗ്ഗിക്ക് മൂന്ന് ഡ്രൈവർമാർ എന്ന രീതിയിൽ മൂന്ന് ഷിഫ്റ്റുകളും ക്രമീകരിച്ചിരിക്കുന്നു. രാവിലെ ഏഴ്-മൂന്ന്, മൂന്ന്-രാത്രി 11.00, 11-രാവിലെ ഏഴ് എന്നിങ്ങനെയാണ് ഇവരുടെ പ്രവൃത്തിസമയം. നിലവിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ബഗ്ഗി സർവീസുണ്ട്.കോട്ടയത്തും ബഗ്ഗിക്ക് അനുമതിയായിട്ടുണ്ട്. നിലവിലുള്ള സർവീസുകൾ മെച്ചമെങ്കിൽ ഒരു ബഗ്ഗികൂടി കൊല്ലത്തിന് സ്വന്തമായേക്കും.
Content Credit:Mathrubhumi