അനന്ദുവിനും അഭിരാമിക്കും സഹായമായി “കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം”

കൊട്ടാരക്കര:സങ്കടക്കൂരയിൽ ജീവിക്കാൻ പെടാപാട് പെടുന്ന അനുന്ദുവിനും അഭിരാമിക്കും സുമനസ്സുകളുടെ സഹായമെത്തി.കുവൈറ്റ് കൊട്ടാരക്കര സമാജം പ്രവർത്തകർ കുട്ടികൾക്ക് പഠനോപകരണങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും ചെരിപ്പ് അടക്കമുള്ള മറ്റ് സാധനങ്ങളും നൽകി.

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുമെന്ന് ക്ഷേമകാര്യ സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർമാൻ കെ.രമേശനും ഗ്രാമപഞ്ചായത്തംഗം ഷീജ വിഷുലാലും അറിയിച്ചു.അനന്ദുവിനെ
പുത്തൂർ പഴവറയിലെ പട്ടിക ജാതി വികസന വകുപ്പിന്റെ ഹോസ്റ്റലിൽ താമസിപ്പിച്ച് പഠിപ്പിക്കാൻ സൌകര്യം ഒരുക്കും എന്നും അവർ അറിയിച്ചു.പ്രവാസികൾ അടക്കം നിരവധി പേർ അമ്മൂമ്മ കെ.ശാരദയുടെ പേരിൽ ഇന്ത്യൻ ബാങ്കിൽ കൈതക്കോട് ശാഖയിൽ തുടങ്ങിയ 755512443 നമ്പർ അകൌണ്ടിലേക്ക് സാമ്പത്തിക സഹായകവും എത്തീട്ടുണ്ട്.

സങ്കടക്കൂരയിൽ നിന്നു ഈ മക്കൾ സ്കൂളിലേക്ക് എന്ന തലക്കെട്ടിൽ കേരളകൌമുദിയിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെയാണു ഇവരുടെ ദുരിത കഥ പുറലോകം അറിയുന്നത്.കുടുംബനാഥൻ ആശോകൻ നാലു വർഷം മുമ്പ് കിണറ്റിൽ വീണു മരിച്ചു.കയറികിടക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു കൂര മാത്രമാണു ഇവർക്ക് ഉള്ളത്. എട്ടാം ക്ലാസ് വിദ്യാർഥിയായ അനുന്ദുവും പത്താം ക്ലാസ് കഴിഞ്ഞ അഭിരാമിയും അച്ഛന്റെ മരണത്തോടെ മനസ്സ് കൈവിട്ട അമ്മ ശോഭയും അമ്മൂമ്മ ശാരദയും ഈ ചെറിയ കൂരയിൽ പട്ടിണിയിൽ മല്ലിടുകയായിരുന്നു..