കൊല്ലത്തിനു ഇനി ജല ആംബലുൻസ്

കൊല്ലം: നഗരത്തിൽ ജലാശയങ്ങളാൽ ചുറ്രപ്പെട്ട മേഖലകളിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ പാഞ്ഞെത്താൻ ജലഗതാഗത വകുപ്പിന്റെ ജല ആംബലുൻസ് ഉടൻ കൊല്ലത്തെത്തും. സാധാരണ ആംബുലൻസുകളിൽ ഉണ്ടാകാറുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സംവിധാനങ്ങളും ബോട്ടിലുണ്ടാകും.
മൺട്രോതുരുത്ത്, സാമ്പ്രാണിക്കോടി, പ്രാക്കുളം, കുരീപ്പുഴ പാണാമുക്കം, പെരുങ്ങാലം, പേഴുംതുരുത്ത്, ശക്തികുളങ്ങരയിലെ ചെറു ദ്വീപുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ജല ആംബുലൻസ് വലിയ ആശ്വാസമാകും. ആശുപത്രിയിലെത്താൻ സമയത്ത് ബോട്ട് ലഭിക്കാതെ ഇവിടങ്ങളിൽ നിരവധിപപേരാണ് മരണമടഞ്ഞിട്ടുള്ളത്. സാമ്പ്രാണിക്കോടി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് റോഡ് ഗതാഗതം ഉണ്ടെങ്കിലും ഏഴ് കിലോമീറ്ററിലേറെ സഞ്ചരിക്കണം. എന്നാൽ ജലമാർഗ്ഗം നാല് കിലോമീറ്ററേയുള്ളു. രാത്രികാലങ്ങളിലടക്കം അസുഖം മൂർച്ഛിക്കുന്നവരെ ജല ആംബുലൻസ് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കും. ഇപ്പോൾ സ്പീഡ് ബോട്ടുകൾ ഉണ്ടെങ്കിലും കഴുത്തറുപ്പൻ കൂലിയാണ് ഈടാക്കുന്നത്. ആ മേഖലയിൽ കായലിൽ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനും ജല ആംബുലൻസെത്തും.

ജല ആംബുലൻസിനായുള്ള പ്രത്യേക മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ 24 മണിക്കൂറും സേവനം ലഭ്യമാകും.ജലഗതാഗത വകുപ്പിലെ ജീവനക്കാർക്ക് പ്രാഥമികശുശ്രൂഷയിൽ പ്രത്യേക പരിശീലനം നൽകിയാകും ബോട്ടിൽ നിയോഗിക്കുക. ആറ് നോട്ടിക്കൽ മൈലാണ് (11 കി.മീ) യാത്രാബോട്ടുകളുടെ വേഗത. എന്നാൽ ജല ആംബുലൻസിന് 12 നോട്ടിക്കൽ മൈൽ വേഗതയുണ്ട്. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ ജലഗതാഗത വകുപ്പിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും സർവീസ്.
credit:keralakaumudi