കെവിന്റെ കൊലപാതകം: നീനുവിന്റെ അച്ഛനും സഹോദരനും പിടിയില്‍

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നവവരനായ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ പോലീസ് കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും ഉടന്‍ കോട്ടയത്ത് എത്തിക്കും. ഇവിടെ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ഷാനുവാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഗൂഢാലോനക്കുറ്റമാണ് ചാക്കോയ്‌ക്കെതിരെ ചുമത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നത്. നേരത്തെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇഷാന്‍, ഡിവൈഎഫ്‌ഐ നേതാവ് ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ് (23), റിയാസ് മന്‍സിലില്‍ റിയാസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ നീനു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോയെയും ഭാര്യ രഹനയേയും കേസില്‍ പ്രതി ചേര്‍ത്തത്.

കേസിലെ മറ്റ് അഞ്ച് പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷാനു, ഷൈലാദ്, റനീസ്, അപ്പു, ടിക്‌റ്റോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൊത്തം 16 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
credit:reporter