കൊല്ലം ബീച്ചില്‍ ഒന്നരക്കോടിയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം

കൊല്ലം :കൊല്ലം ബീച്ച് നവീകരിക്കുന്നതിന് ഒന്നരക്കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് അംഗീകാരം നല്‍കി.നടപ്പാത വികസനം, തെരുവുവിളക്കുകള്‍ നവീകരിക്കലും സ്ഥാപിക്കലും, ജലകേളീകേന്ദ്രം നവീകരിക്കല്‍, സൗന്ദര്യവത്കരണം എന്നിവയാണ് ഇതില്‍ പ്രധാനം. എം.മുകേഷ് എം.എല്‍.എ.യുടെ നിവേദനത്തെത്തുടര്‍ന്നാണ് വിനോദസഞ്ചാരവകുപ്പിന്റെ നടപടി. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.തീരദേശ റോഡുമായി ബന്ധിപ്പിച്ച് 230 മീറ്റര്‍ നീളത്തിലാണ് ആധുനികരീതിയില്‍ നടപ്പാത നിര്‍മിക്കുക. നിലവില്‍ ലൈഫ് ഗാര്‍ഡ് ടവര്‍ വരെ മാത്രമേ നടപ്പാതയുള്ളൂ. കൂടുതല്‍ സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും പഴയത് മാറ്റി സ്ഥാപിക്കുകയും ചെയ്യും. പ്രദേശം സൗന്ദര്യവത്കരിക്കും. ഓണാഘോഷ പരിപാടികളും മറ്റും നടത്തുന്ന മിനി ഓപ്പന്‍ ഓഡിറ്റോറിയം, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് സൗന്ദര്യവത്കരിക്കുക. രണ്ടുവര്‍ഷമായി ഉപയോഗശൂന്യമായിക്കിടക്കുന്ന ജലകേളീ കേന്ദ്രം നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. വൈകാതെ ഇതിന്റെ പ്രവൃത്തികള്‍ തുടങ്ങാനാവുമെന്ന് വിനോദസഞ്ചാരവകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തദ്ദേശീയ വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് കൊല്ലം ബീച്ച്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ നാട്ടുകാര്‍ കാറ്റുകൊള്ളാനും ഒഴിവുസമയം ചെലവഴിക്കാനും പ്രതിദിനം ബീച്ചില്‍ എത്തുന്നുണ്ട്