ടോമിൻ തച്ചങ്കരിയുടെ പുതിയ വിദ്യ കൊള്ളാം;K.S.R.T.C ബസുകളിൽ ടിക്കറ്റ് എടുക്കാതെ ഇനി യാത്ര ചെയ്യാം.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് എടുക്കാതെ ഇനി യാത്ര ചെയ്യാം. ഇതിനായി പുതിയ സ്മാർട്ട് കാർഡുകൾ വരുന്നു. എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള കാർഡ് മൊബൈൽ സിമ്മിലെന്നപോലെ റീ ചാർജ് ചെയ്യാം. യാത്ര ചെയ്യുന്നതിനനുസരിച്ച് കാർഡിലെ പണംതീരും.
1000, 2000 രൂപയുടെ സ്മാർട്ട് കാർഡാണ് ഇറക്കുന്നത്. കാർഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ ഉരയ്ക്കുമ്പോൾ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓർഡിനറി ബസിലും സൂപ്പർഫാസ്റ്റിലുമൊക്കെ സ്മാർട്ട് കാർഡുമായി യാത്ര ചെയ്യാം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്പോർട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നൽകുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോർപറേഷന്റെ കമ്പ്യൂട്ടർ സംവിധാനം പരിഷ്കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീനുകളുടെ സ്ഥാനത്ത് പുതിയത് വരും. പുതിയ പദ്ധതിക്കായി ഗ്ലോബൽ ടെൻഡർ വിളിക്കാനാണ് കോർപറേഷൻ മാനേജ്മെന്റിന്റെ തീരുമാനം.

കാർഡ് റീ ചാർജ് എല്ലാ ഡിപ്പോയിൽ നിന്നും ചെയ്യാം
കാശ് തീർന്നാൽ കണ്ടക്ടർ റീ ചാർജ് ചെയ്തു നൽകും
ക്യു.ആർ.ടി കോഡും
റിസർവ് ചെയ്ത് പ്രിന്റൗട്ടുമായി യാത്ര ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം ക്യു.ആർ.ടി കോഡ് ഏർപ്പെടുത്താനും തീരുമാനമായി. ടോമിൻ തച്ചങ്കരി ഇസ്രയേൽ സന്ദർശിച്ചപ്പോഴാണ് അവിടത്തെ ബസുകളിലെ ഈ സംവിധാനം ഇവിടെയും പ്രയോഗിക്കാനാകുമെന്ന് കണ്ടെത്തിയത്. മൊബൈൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്യു.ആർ.ടി കോഡ് ടിക്കറ്റ് മെഷീനിൽ കാണിച്ചാൽ യാത്ര ചെയ്യാം.
‘കെ.എസ്.ആർ.ടി.സി കാലത്തിന് അനുസരിച്ച് മാറുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ. ബസ് യാത്ര കൂടുതൽ പാസഞ്ചേഴ്സ് ഫ്രണ്ട്ലിയായി മാറും’- ടോമിൻ ജെ. തച്ചങ്കരി, എം.ഡി, കെ.എസ്.ആർ.ടി.സി