സംസ്ഥാനത്തെ പാൽ ഉൽപ്പാദനത്തിൽ കൊല്ലം ജില്ല ഒന്നാം സ്ഥാനത്ത്;വളർച്ചനിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഏറെ മുന്നിൽ

കൊല്ലം : പാല്‍ ഉത്പാദന വളര്‍ച്ചാനിരക്കില്‍ കൊല്ലംജില്ല സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ മുന്നിലെത്തി. 2017-18 വര്‍ഷം സംസ്ഥാനത്തെ പാലുത്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് 17 ശതമാനമായിരുന്നെങ്കില്‍ ജില്ലയുടേത് 45 ശതമാനമായിരുന്നു. അടുത്ത മാസത്തോടെ ജില്ലയുലെ പാലുത്പാദനം റെക്കോഡിലെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ജില്ലയില്‍നിന്ന് പ്രതിദിനം 97,000 ലിറ്റര്‍ പാല്‍ മില്‍മ ക്ഷീരസംഘങ്ങള്‍ മുഖേന സംഭരിക്കുന്നണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം ശരാശരി 75,000 ലിറ്റര്‍ പാല്‍ മാത്രമാണ് സംഭരിച്ചത്.
അടുത്ത ഏതാനും മാസത്തോടെ ഒന്നേകാല്‍ ലക്ഷം ലിറ്ററിലെത്തുമെന്നാണ് മില്‍മയുടെ പ്രതീക്ഷ. ജില്ലയുടെ ആവശ്യം 1.10 ലക്ഷം ലിറ്ററാണ്. ജില്ല മിച്ചം ഉത്പാദനത്തിലേക്ക് നീങ്ങുന്നതോടെ അധികമുള്ള പാല്‍ സംഭരിക്കുന്നതിന് രണ്ട് പാല്‍ ശീതീകരണികള്‍കൂടി (ബള്‍ക്ക് മില്‍ക്ക് കൂളര്‍) സ്ഥാപിക്കുന്നു.

കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ചിറക്കര, ഇടവട്ടം, അഞ്ചല്‍, അഗസ്ത്യക്കോട് എന്നിവിടങ്ങളിലാണ് പാല്‍ സംഭരണികള്‍ സ്ഥാപിക്കുന്നത്. യഥാക്രമം 10,000, 5000 ലിറ്റര്‍ വീതം ശേഷിയുള്ളതായിരിക്കും ഇവ. നിലവില്‍ 17 സംഭണികളാണുള്ളത്. മില്‍മയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിവരുന്ന പ്രോത്സാഹനമാണ് ഈ ഉത്പാദന വളര്‍ച്ചയ്ക്ക് കാരണം. നല്ല ഉത്പാദനക്ഷമതയുള്ള പശുക്കളെ വളര്‍ത്തുന്ന പ്രവണത ഇപ്പോള്‍ കൂടിവന്നിട്ടുണ്ട്.