മരണം മുന്നിലുണ്ടെന്ന് അറിഞ്ഞിട്ടും ധീരതയോടെ പരിപാലിച്ച മാലാഖ; ലിനിയുടേത് ആത്മത്യാഗം

സുപ്രീം കോടതിയില് ശമ്പളത്തിനായുള്ള പോരാട്ടം നടക്കുമ്പോള് കോഴിക്കോട്ടെ വൈദ്യുത ശ്മശാനത്തില് നേഴ്സ് ലിനി കത്തിത്തീരുകയായിരുന്നു. നിപ്പാ വൈറസിന്റെ ആഘാതം കേരളത്തെ കൊടുങ്കാറ്റു പോലെ വിഴുങ്ങുമ്പോള് ഇന്ന് രാവില കോഴിക്കോട് മെഡിക്കല് കോളജില് വച്ച് മരിച്ച നേഴ്സ് ലിനിയുടെ ആത്മത്യാഗപരമായ മരണം ഒരു നൊമ്പരമായി മാറുന്നു. തന്റെ ജീവനു പോലും വില കല്പിക്കാതെ പനിപിടിച്ചു മരിക്കുന്നവരെ മാലാഖയെ പോലെ പരിപാലിച്ച ലിനിയുടെ മരണവും നിപ്പാ വൈറസ് മൂലമായിരുന്നുവെന്നാണ് റിപ്പോര്ട്ട്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് പനി കലശലായ ലിനിയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്. ഇന്നലെ മുതല് രോഗം മൂര്ച്ഛിക്കുകയും ഇന്നു രാവിലെ മരിക്കകയുമായിരുന്നു. മൃതദേഹം വീട്ടുവളപ്പില് സംസ്കരിച്ചാല് വൈറസ് പകരാന് കാരണമാവുമെന്ന നിഗമനത്തില് ബന്ധുക്കളുടെ അനുമതിയോടെ തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
അടുത്ത ബന്ധുക്കള് മാത്രമാണ് മൃതശരീരം കണ്ടത്. കഴിഞ്ഞ ദിവസം മരിച്ച സാബിത്തിനെ പേരാമ്പ്ര ആശുപത്രിയില് വച്ച ശുശ്രൂശിച്ചിരുന്നത് ലിനിയായിരുന്നു. പേരാമ്പ്ര ചെമ്പനോട് സ്വദേശിനിയായ ലിനിയുടെ അമ്മയിലും രോഗ ലക്ഷണങ്ങള് പ്രകടമായതിനെ തുടര്ന്ന് മെഡിക്കല് കോളജില് ചികിത്സയിലാണ്. ഇവരുടെ അയല്വാസിയും നിരീക്ഷണത്തിലാണ്. ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലുക്കാശുപത്രിയില് പനിബാധിതര് കൂടി വരുന്നുണ്ട്. രണ്ടു മക്കളുള്ള ലിനിയുടെ ഭര്ത്താവ് വിദേശത്താണ്.
ലിനിയുടെ മരണത്തോടെ ആരോഗ്യമേഖലയില് പ്രവര്ത്തിക്കുന്നവരെല്ലാം ഭയത്തിലാണ്. ഈ രോഗം നേരത്തെ തിരിച്ചറിയാന് കഴിയാതെ പോയതും വൈറോളജി ഡിപാര്ട്ടുമെന്റ് ഇല്ലാത്തതുമാണ് ഇത്രത്തോളം ജീവന് നഷ്ടപ്പെടാന് കാരണം. കോഴിക്കോട് മെഡിക്കല് കോളജില് ഇപ്പോള് മൈക്രോ ബയോളജി ഡിപ്പാര്ട്ടുമെന്റാണ് വൈറോളി വിഭാഗവും കൈകാര്യം ചെയ്യുന്നത്. ആശുപത്രികളിലെല്ലാം മാസ്കും മറ്റു രക്ഷാകവചങ്ങളും ഉപയോഗിച്ചാണ് ഡോക്ടര്മാരും നഴ്സുമാരും ഇപ്പോള് ജോലി ചെയ്യുന്നത്. നേരത്തെ മരിച്ചരേയും രോഗം ലക്ഷണം പ്രകടമായവരേയും ശുശ്രൂഷിച്ച വ്യക്തികള് പലരും ഇപ്പോള് ഭീതിയിലാണ്.