ബാക്കി ചോദിച്ച യാത്രക്കാരനെ അർദ്ധരാത്രി കൊട്ടാരക്കര എന്ന് പറഞ്ഞ് ചീരങ്കാവിൽ സ്ഥലം തെറ്റിച്ച് ഇറക്കി

കൊട്ടാരക്കര: കെ.എസ് ആർ.ടി.സി ബസിൽ ബാക്കി ചോദിച്ചത് ഇഷ്‌ടപ്പെടാതിരുന്ന കണ്ടക്‌ടർ സ്ഥല പരിചയമില്ലാത്ത ആളെ വഴിയിൽ ഇറക്കി വിട്ടു കബളിപ്പിച്ചു. ഇന്നലെ രാത്രി നടന്ന നാടകീയ സംഭവങ്ങൾ പുറത്തറിയുന്നത് സി.പി.എം നേതാവായ അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ്. ചങ്ക് എം.ഡിയും യക്ഷി കണ്ടക്‌ടറും എന്ന തലവാചകത്തിലൂടെയാണ് പോസ്‌‌റ്റ്. ചങ്ക് ബസ്, ചങ്ക് എം.ഡി തുടങ്ങിയ പ്രയോഗങ്ങളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കെ.എസ്. ആർ.ടി. സി ക്ക് വലിയ അപമാനമായി ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ. നന്മയുള്ള 90 ശതമാനം ജീവനക്കാരും ക്ഷമിക്കുക എന്ന ആമുഖത്തോടെയാണ് എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. ഡി.എസ്. സുനിലിന്റെ പോസ്‌റ്ര്. ഇന്നലെ രാത്രി 10.40 ന് കൊല്ലത്ത് നിന്നുമുള്ള മധുര ബസിൽ കയറിയ തൃശൂർ സ്വദേശിയായ സുഹൃത്ത് മുരളി 11.20 ന് അദ്ദേഹത്തെ വിളിച്ചു. സ്ഥല പരിചയമില്ലാത്ത തന്നെ കണ്ടക്‌ടർ കൊട്ടാരക്കര എന്നു തെറ്രിദ്ധരിപ്പിച്ചു എട്ട് കിലോമീറ്റർ ഇപ്പുറം ചീരങ്കാവിൽ ഇറക്കി വിട്ടു. കൊല്ലത്ത് നിന്ന് കയറിയപ്പോൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുന്നിൽ ഇറക്കണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. ആ പോയിന്റിലേക്കുള്ള ടിക്കറ്റുമെടുത്തു. ബാലൻസ് ചോദിച്ചത് ആദ്യം ഇഷ്ടപ്പെട്ടില്ല. ആവർത്തിച്ച് ചോദിച്ചത് ഇഷ്‌‌ടപ്പെടാതെ തുക നൽകിയ ശേഷം ചീരങ്കാവ് എത്തിയപ്പോൾ എട്ട് കിലോമീറ്റർ അപ്പുറത്തുള്ള കൊട്ടാരക്കര എന്നു തെറ്റിദ്ധരിപ്പിച്ചു ഇറക്കിയത്രെ. ബസിൽ വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളു. കണ്ടക്‌ടറെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് തോന്നി മറ്റാരോടും ചോദിച്ചു ഉറപ്പു വരുത്തിയുമില്ല. അവിടെ എത്തിയ അഭിഭാഷകൻ സുഹൃത്ത് മുരളിയെ കൊട്ടാരക്കരയിലെത്തിച്ച ശേഷം കെ.എസ്. ആർ. ടി.സി ഡിപ്പോയിൽ കയറി പരാതി നൽകി.

Content Credit:Kerala kaumudi