കെപിസിസി അധ്യക്ഷ പദവി: കൊടിക്കുന്നില്‍ സുരേഷ് കറുത്ത കുതിരയാകുമോ?

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ്റ് പദവിക്കായുള്ള മത്സരത്തില്‍ കറുത്ത കുതിരയായി കൊടിക്കുന്നില്‍ സുരേഷ് എംപി മാറുമോ? ഒട്ടേറെ നേതാക്കള്‍ കെപിസിസി പ്രസിഡന്റ് പദവിക്കായി നേരിട്ടും ഗ്രൂപ്പുകള്‍ വഴിയും ഡല്‍ഹിയില്‍ ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കെയാണ്‌ കൊടിക്കുന്നിലിന്റെ പേരും ഉയര്‍ന്നുവരുന്നത്.
കേരളത്തില്‍ ഒരു ദളിത്‌ കെപിസിസി പ്രസിഡന്റിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയാത്തതാണ്. കര്‍ണാടക പി.സി.സി പ്രസിഡന്റ് ജി.പരമേശ്വര മാത്രമാണ് ദക്ഷിണേന്ത്യയില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഏക പിസിസി പ്രസിഡന്റ്. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അദ്ദേഹം മാറും.
കര്‍ണാടകയില്‍ ഒരു ദളിത്‌ പിസിസി പ്രസിഡന്റ് ഇനി അടുത്ത കാലത്തൊന്നും വരികയുമില്ല. ഇതോടെ ഇന്ത്യയില്‍ തന്നെ ദളിത്‌ പിസിസി പ്രസിഡന്റ് ഇല്ലാതാകും. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു ദളിത്‌ പ്രസിഡന്റിന് സാധ്യത നിലനില്‍ക്കുന്നു. ഒരു ദളിത്‌ പ്രസിഡന്റ് വരട്ടെ എന്ന് തീരുമാനിക്കുകയാണെങ്കില്‍ കൈ ചൂണ്ടപ്പെടുന്നത് കൊടിക്കുന്നിലിന്റെ നേര്‍ക്കാവും.
പാര്‍ലമെന്റിനകത്തും പുറത്തും ദളിത്‌ പ്രശ്നം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന നേതാവാണ്‌ കൊടിക്കുന്നില്‍. ഇന്ത്യയില്‍ തന്നെ ദളിത്‌, ആദിവാസി പ്രശ്നങ്ങള്‍ വല്ലാതെ കത്തിനില്‍ക്കുന്ന സമയമാണ് ഇത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് എതിരെ ദളിതുകള്‍ സംഘടിക്കുകയാണ്. കേരളം ഭരിക്കുന്ന സിപിഎമ്മില്‍ നിന്നും ദളിത്‌ വിഭാഗങ്ങള്‍ അകലുകയാണ്.
ഏപ്രില്‍ ഒമ്പതിന്‌ കേരളത്തില്‍ നടന്ന ദളിത്‌ ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നു. രണ്ടു മൂന്നു ദളിത്‌ സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് എങ്കിലും മറ്റു സമുദായങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ദളിത്‌ പ്രശ്നങ്ങള്‍ മറ്റു സമുദായങ്ങളെ അസ്വസ്ഥരാക്കുന്നു എന്നതിന്റെ തെളിവാണിത്.
ഏപ്രില്‍ ഒമ്പതിന്‌ കേരളത്തില്‍ നടന്ന ദളിത്‌ ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നു. രണ്ടു മൂന്നു ദളിത്‌ സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് എങ്കിലും മറ്റു സമുദായങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ദളിത്‌ പ്രശ്നങ്ങള്‍ മറ്റു സമുദായങ്ങളെ അസ്വസ്ഥരാക്കുന്നു എന്നതിന്റെ തെളിവാണിത്.
കേരളത്തില്‍ ദളിത് മുന്നേറ്റത്തിന്റേതായ സാഹചര്യം ഉരുത്തിരിഞ്ഞുവരുമ്പോള്‍ അത് കോണ്‍ഗ്രസിന് അനുകൂലമായി മാറണമെങ്കില്‍ പിസിസി തലപ്പത്ത് ദളിത്‌ സമുദായക്കാരനാകണം.
15-16 ശതമാനം ദളിതരുള്ള കേരളത്തില്‍ ദളിത്‌ വോട്ടുബാങ്കുകളെ ആകര്‍ഷിക്കാന്‍ പിസിസി പ്രസിഡന്റായി ഒരു ദളിതന്‍ എന്ന നീക്കം വഴി കഴിയും.
നാലോ അഞ്ചോ ശതമാനമോ അതില്‍ കൂടുതലോ ദളിത്‌ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പോക്കറ്റില്‍ നിര്‍ത്താന്‍ ഈ നീക്കം സഹായകമാകും. കേരളം ഭരിക്കുന്ന സിപിഎം ദളിത്‌ വിഭാഗത്തില്‍പ്പെട്ട ആളെ സംസ്ഥാന സെക്രട്ടറിയാക്കുകയോ, പിബിയില്‍ കൊണ്ടുവരുകയോ ചെയ്തിട്ടില്ല. അപ്പോള്‍ കോണ്‍ഗ്രസ് ഈ രീതിയില്‍ നീക്കം നടത്തിയാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക്‌ പ്രയോജനം ചെയ്തേക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു

കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തുന്നതിനായി പരിഗണിക്കുന്ന പ്രവര്‍ത്തന പരിചയവും പാരമ്പര്യവും കൊടിക്കുന്നിലിനുണ്ട്. കോണ്‍ഗ്രസില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പല സമവാക്യങ്ങളും ഫോര്‍മുലകളും നിലനില്‍ക്കുന്നുണ്ട്.
സാമുദായിക ഘടകങ്ങള്‍, പ്രായം, സംഘടനാ പാടവം, പ്രവര്‍ത്തി പരിചയം എന്നിവ ഇതില്‍ പ്രധാനമാണ്. ഇത്തരം ഘടകങ്ങള്‍ എല്ലാം കൊടിക്കുന്നിലിന്റെ കാര്യത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് ഒരു ദളിത്‌ പ്രസിഡന്റ് വേണമെന്ന ആവശ്യം ഉയരുമ്പോള്‍ സ്വാഭാവികമായും കൊടിക്കുന്നിലിന്‍റെ പേരിനു പ്രാധാന്യം വര്‍ദ്ധിക്കുന്നത്.
കെപിസിസി പ്രസിഡന്റ് പദവിയിലേയ്ക്ക് പരിഗണിക്കുമ്പോള്‍ പലരും ആലോചനാ വേളയില്‍ തന്നെ തള്ളിപ്പോകുന്നത് രണ്ടു കാരണങ്ങളാലാണ്. സംഘടനാപരമായി ശക്തമായ ബന്ധമോ ജനകീയ ബന്ധമോ ഇല്ലാതിരിക്കുക. ഈ രണ്ടു ഘടകങ്ങള്‍ വരുമ്പോള്‍ ആദ്യ പേരുകാര്‍ അയോഗ്യരായി മാറും. ഈ രണ്ടു ഘടകങ്ങളും കൊടിക്കുന്നിലിന്റെ കാര്യത്തില്‍ ചേര്‍ന്ന് വരുന്നു. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് വഴി വളര്‍ന്നുവന്ന നേതാവാണ്‌ കൊടിക്കുന്നില്‍. ആറാമത് തവണയാണ് എംപി സ്ഥാനം അലങ്കരിക്കുന്നത്.ഇന്ത്യയില്‍ തന്നെ ആദ്യമായാവും ഒരു ദളിത്‌ നേതാവ് ഇത്രയും കാലം എംപിയായി തുടരുന്നത്. പത്ത് വര്‍ഷമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമാണ് കൊടിക്കുന്നില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്. ഒന്നര വര്‍ഷം കേന്ദ്രമന്ത്രിയായിട്ടുണ്ട്. ആ സമയത്ത് കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്ല രീതിയില്‍ കൈകാര്യം ചെയ്തു. എഐസിസി സെക്രട്ടറിയായിരുന്നു.
എട്ടുമാസം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ കൊടിക്കുന്നിലിനോട് കടുത്ത എതിര്‍പ്പില്ല താനും. ഇതെല്ലാം കൊടിക്കുന്നിലിന്‌ അനുകൂല ഘടകങ്ങളാണ്.