പുത്തൂരിൽ നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് അമ്മ;കൊലനടത്തിയത് അമ്മൂമ്മയുടെ സഹായത്തോടെ

കൊട്ടാരക്കര: പുത്തൂരില് നവജാത ശിശുവിനെ കൊന്ന് കുറ്റിക്കാട്ടില് തള്ളിയ അമ്മ അറസ്റ്റിലായി. പുത്തൂര് സ്വദേശി അമ്പിളിയാണ് പിടിയിലായത്. അമ്പിളിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ അമ്പിളി തുടര്ന്ന് സമീപത്തെ കുറ്റിക്കാട്ടില് മൃതദേഹം തുണിയില് കെട്ടി വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് വര്ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് മറ്റൊരു കുഞ്ഞുണ്ട്.
രണ്ടാമതൊരുകുട്ടി വേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും ഇതിനിടെ അമ്പിളി വീണ്ടും ഗര്ഭിണിയായി. ഇതേ തുടര്ന്ന് ഗര്ഭഛിദ്രം നടത്താന് അമ്പിളി അടുത്തുള്ള ആശുപത്രിയില് പോയെങ്കിലും ഗര്ഭഛിദ്രം നടത്താന് ആശുപത്രി അധികൃതര് തയ്യാറായില്ല.

ഗര്ഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞ് ജനിച്ചാലുടന് കൊലപ്പെടുത്താന് അമ്പിളിയും അമ്മയും ചേര്ന്ന് തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി വീട്ടില് വച്ചാണ് അമ്പിളി പ്രസവിക്കുന്നത്. പ്രസവം കഴിഞ്ഞപ്പോള് തന്നെ അമ്മയുടെ സഹായത്തോടെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു.
പ്രസവസമയത്ത് വീട്ടില് ഇല്ലാതിരുന്ന അമ്പിളിയുടെ ഭര്ത്താവ് മഹേഷ് പിന്നീട് വീട്ടിലെത്തിയപ്പോള് ചോരക്കറ കാണുകയും ഇതെന്താണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല് ഗര്ഭം അലസിപ്പോയെന്നും കുഞ്ഞിനെ ഒരു തുണിയിലാക്കി കളഞ്ഞെന്നുമാണ് ഇരുവരും മഹേഷിനോട് പറഞ്ഞത്.
തുണിയില് കെട്ടി വീടിന് സമീപത്തെ കുറ്റിക്കാട്ടില് കളഞ്ഞ കുഞ്ഞിന്റെ മൃതദേഹം പിന്നീട് തെരുവ് നായകള് കടിച്ചെടുത്ത് പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഛിന്നഭിന്നമായ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്തപ്പോള് മാത്രമാണ് കൊല്ലപ്പെട്ടതൊരു ആണ്കുഞ്ഞാണെന്ന് തിരിച്ചറിയാന് സാധിച്ചത്.
തെരുവുനായ്ക്കള് എന്തോ വലിച്ചുകീറുന്നത് ശ്രദ്ധയില്പെട്ട കുടുംബശ്രീ പ്രവര്ത്തകര് നാട്ടുകാരെ അറിയിക്കുകയും തെരച്ചിലില് സമീപത്തെ കുറ്റിക്കാട്ടില് നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
കുഞ്ഞിന് മൂന്നുദിവസം പ്രായമാണുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമ്മയാണ് കൊല ചെയ്തതെന്ന് കണ്ടെത്തിയത്.