മികച്ച ജില്ല പഞ്ചായത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്കാരം കൊല്ലം ജില്ലക്ക്

കൊല്ലം: മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ദീൻദയാൽ ഉപാദ്ധ്യായ ശശാക്തീകരൻ പുരസ്‌കാരത്തിന് കൊല്ലം ജില്ലാ പഞ്ചായത്ത് അർഹമായി. 2016-17 ൽ നടപ്പാക്കിയ പദ്ധതികൾ പരിഗണിച്ചാണ് പുരസ്‌കാരം. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തിന് ശശാക്തീകരൻ പുരസ്‌കാരം ലഭിക്കുന്നത്.
ദേശീയ പഞ്ചായത്തി രാജ് ദിനമായ 24 ന് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്‌കാരം വിതരണം ചെയ്യും. കാർഷികമേഖലയിൽ കുടുംബശ്രീ ഗ്രൂപ്പുകൾ മുഖേനയുള്ള ജൈവപച്ചക്കറി കൃഷി, കിഴങ്ങുവർഗ്ഗ കൃഷി, ആരോഗ്യമേഖലയിൽ നടപ്പാക്കിയ മാതൃസാന്ത്വനം, സ്‌നേഹത്തൂവൽ, എം.ആർ.ഐ സ്‌കാനിംഗ് യൂണിറ്റ്, ധാന്യാമ്ല പ്ലാന്റ്, പട്ടികജാതി പട്ടികവർഗ്ഗ മേഖലകളിൽ നടപ്പാക്കിയ മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി, പോഷകാഹാര വിതരണം, ഭിന്നശേഷിയുള്ളവർക്ക് സൈഡ്‌വീലോടു കൂടിയ സ്‌കൂട്ടർ വിതരണം, ട്രാൻസ്‌ജെൻഡേഴ്‌സിന് ചമയ സാധനങ്ങൾ വിതരണം, എല്ലാ സർക്കാർ സ്‌കൂളുകളിലും നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും, എ.ബി.സി പദ്ധതി തുടങ്ങിയവയാണ് അവാർഡ് സ്വന്തമാക്കാൻ ജില്ലാ പഞ്ചായത്തിന് സഹായകരമായത്. 2013-14, 2014-15 വർഷങ്ങളിൽ ജില്ലാ പഞ്ചായത്ത് നേരത്തെ ഈ നേട്ടത്തിന് അർഹമായിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിനൊപ്പം പ്രവർത്തിച്ച നിർവഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങി എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായി പ്രസിഡന്റ് സി. രാധാമണി, വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, സെക്രട്ടറി കെ. പ്രസാദ് എന്നിവർ അറിയിച്ചു.
content Credit:kerala kaumudi