കൊട്ടാരക്കരയിൽ അപകടത്തിൽപെട്ട് വഴിയിൽ കിടക്കുന്നവർക്ക് ഇനി ആംബുലൻസ് ഉടൻ എത്തും

കൊട്ടാരക്കര ∙ അപകടത്തിൽപ്പെട്ടു വഴിയിൽ കിടക്കുന്നവരെ ഉടൻ താലൂക്ക് ആശുപത്രിയിലോ മെഡിക്കൽ കോളജ് ആശുപത്രിയിലോ എത്തിക്കാൻ സംവിധാനം. 9188100100 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് ഫോൺ വിളി എത്തിയാലുടൻ ആംബുലൻസ് എത്തും. ഏപ്രിൽ ഒന്നു മുതൽ കൊല്ലം റൂറലിൽ ഈ സേവനം ലഭിക്കും. കൊല്ലം റൂറൽ ജില്ലാ പൊലീസും ഐഎംഎ ഇൻടെക്കും മേഖലയിലെ ആംബുലൻസുകളും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളുടെ സേവനവും ലഭിക്കും. ഇതിനായി സോഫ്റ്റ്വെയറും വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും തയാറായിട്ടുണ്ട്.അപകടത്തിൽപ്പെടുന്നവർക്കു 48 മണിക്കൂർ സൗജന്യ സേവനം നൽകാനാണ് സർക്കാർ നിർദേശം. ഇത് ആംബുലൻസ് ഡ്രൈവർമാരുടെയും ആശുപത്രികളുടെയും ഫോണിൽ രേഖപ്പെടുത്തും. ആംബുലൻസുകളിൽ ജിപിഎസിന് സമാനമായ സംവിധാനങ്ങൾ ഒരുക്കും.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർമാർക്കു ശിൽപശാല നടത്തി. റൂറൽ എസ്പി ബി.അശോകൻ ഉദ്ഘാടനം ചെയ്തു. സംവിധാനം കാര്യക്ഷമമാക്കാൻ കൂടുതൽ ടോൾ ഫ്രീ നമ്പറുകൾ ലഭ്യമാക്കുമെന്ന് എസ്പി അറിയിച്ചു. ഐഎംഎ ഇൻടെക് ചെയർമാൻ ഡോ.ശ്രീജിത്ത് എൻ.കുമാർ, ജില്ലാ ചെയർമാൻ ഡോ.ശ്രീകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ, ഡോ.എ.എസ്.ജിതിൻ, ഡോ.അയ്യപ്പൻ നായർ, ഡോ.അൻസു ആനന്ദ്, ഡോ.ഷിജു സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.

മറ്റുള്ളവരുടെ അറിവിനായി ഇത് ഷേയർ ചെയ്യുക