കുട്ടികളുടെ അവധിക്കാലം മുന്നില്‍ക്കണ്ട് ജില്ലയിൽ വ്യാജ ഐസ്‌ക്രീം വ്യാപാരം വ്യാപകമാകുന്നു.

കൊല്ലം:കുട്ടികളുടെ അവധിക്കാലം മുന്നില്‍ക്കണ്ട് വ്യാജ ഐസ്‌ക്രീം വ്യാപാരം വ്യാപകമാകുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന എത്തുന്ന സംഘങ്ങളാണ് കുട്ടികളുടെ ജീവനുപോലും ഭീഷണിയുയര്‍ത്തുന്ന വ്യാജ ഐസ്‌ക്രീം നിര്‍മാണവും വില്‍പ്പനയും നടത്തുന്നത്. മീന്‍ കേടാകാതെ സൂക്ഷിക്കുന്ന ഐസ്, മൈദ, ഗുണനിലവാരം കുറഞ്ഞ സസ്യ എണ്ണ, കാരം അല്ലെങ്കില്‍ സോപ്പുപൊടി, പഞ്ചസാര, കാലഹരണപ്പെട്ട പാല്‍പ്പൊടി എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം നിര്‍മിക്കുന്നത്. പതഞ്ഞുപൊങ്ങുന്നതിനാണ് സോപ്പുപൊടി ചേര്‍ക്കുന്നത്. സുഗന്ധത്തിനായി പൊടികളും ചേര്‍ക്കും. ചേരുവകളെല്ലാം ചേര്‍ത്ത് വലിയ പാത്രത്തിലിട്ട് ചവിട്ടിക്കുഴച്ചാണ് നിര്‍മാണം. ഓരോ പ്രദേശത്തും മുറികളോ ചെറിയ വീടുകളോ വാടകയ്‌ക്കെടുത്താണ് ഐസ്‌ക്രീം നിര്‍മിക്കുന്നത്.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവ ഉണ്ടാക്കുന്നത്. അഞ്ചും ആറും പേര്‍ സംഘത്തിലുണ്ടാകും. എല്ലാവരും ചേര്‍ന്നാണ് ഉത്പാദനച്ചെലവ് വഹിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വില്‍പ്പനയ്ക്കായി സാധനങ്ങള്‍ വീതിക്കുന്നതും. കമ്പനികളുടെ ഐസ്‌ക്രീമിനെ വെല്ലുന്ന മധുരവും മണവുമാണുള്ളത്. അതിനാല്‍ കുട്ടികള്‍ പെട്ടെന്നാണ് ഇവരുടെ ഇരകളാകുന്നത്. തണുപ്പ് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുന്ന അലുമിനിയം ആവരണമുള്ള പ്രത്യേക പാത്രത്തില്‍ ഇവ നിറച്ചാണ് വില്‍പ്പന. മണി അടിച്ച് ഐസ് കച്ചവടക്കാരന്റെ പരിവേഷത്തില്‍ സൈക്കിളില്‍ കറങ്ങിയാണ് ഇവരുടെ കച്ചവടം. പതപ്പിച്ചാണ് കോരിനല്‍കുന്നത്. കോണില്‍ നിറച്ച വ്യാജന് പത്തുരൂപയാണ് വില. ഗ്രാമങ്ങളാണ് ഇവരുടെ വില്‍പ്പനകേന്ദ്രം. ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് സംഘത്തിലധികവും. കുട്ടികളുടെ ആരോഗ്യത്തിന് ഹാനിഹരമായ ഇത്തരം വ്യാജ ഐസ്‌ക്രീം വില്‍പ്പന തടയണമെന്ന ആവശ്യം ശക്തമാണ്.

മറ്റുളളവരുടെ അറിവിനായി ഇത് ഷേയർ ചെയ്യുക