ചിന്നക്കട ആകാശപാത:ആശയത്തിനു പിന്നിൽ കൊല്ലം ടി.കെ.എം എൻജിനീയിറിങ് വിദ്യാർത്ഥികൾ

കൊല്ലം ∙ ചിന്നക്കടയിൽ ആകാശപാതയെന്ന സ്വപ്നത്തിനു ചിറകു മുളയ്ക്കുമ്പോൾ സഫലമാകുന്നത് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളുടെ പരിശ്രമം. എഴുകോൺ കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എൻജിനീയറിങ് 2012–16 ബാച്ചിലെ അഞ്ചു വിദ്യാർഥികളാണു ചിന്നക്കടയിൽ ഇത്തരമൊരു സംവിധാനത്തിനു സാധ്യതയുണ്ടെന്ന ആശയം മുന്നോട്ടു വച്ചത്. ഗോപിക കലാധരൻ, എം.എസ്.ഗ്രീഷ്മ, ആർ.വി.കിരൺ കൃഷ്ണൻ, സനൂബ് സജീർ, ജെ.ഊർമിള എന്നിവർ പഠനത്തിന്റെ ഭാഗമായുള്ള അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായാണ് ഈ ആശയം രൂപപ്പെടുത്തിയത്.
2015 നവംബറിൽ ജനിച്ച ആ ആശയം ഇതാ 2018 മാർച്ച് ആകുമ്പോഴേക്കും കൊല്ലം കോർപറേഷന്റെ ബജറ്റ് പുസ്തകത്തിൽ പോലും ഇടം പിടിച്ചിരിക്കുന്നു. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയ കോർപറേഷൻ പ്രാരംഭ ചെലവുകൾക്കായി അഞ്ചു കോടി വകയിരുത്തുകയും ചെയ്തു.