അടൂരിൽ നിന്നു കൊട്ടാരക്കരയിലേക്കുള്ള ബസ്സ് യാത്രയിൽ KSRTC ജീവനക്കാരനിൽ നിന്നും തന്റെ മകനു നേരിട്ട ദുരനുഭവത്തെ പറ്റി ഒരു പിതാവ്

കൊട്ടാരക്കര:അടൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് ഉള്ള യാത്രമധ്യേ KSRTC ബസ്സിൽ വച്ച് കണ്ടക്ടർ തന്റെ മകനോട് അപമര്യാദയായി പെരുമാറിയതായി ഒരു പിതാവ്.കൊട്ടാരക്കര സ്വദേശിയായ ജോൺ തോമസ് എന്ന വ്യക്തിയാണ് തന്റെ ഫേസ്ബുക്ക് അക്കോണ്ടിൽ കൂടെ ഇക്കാര്യം അറിയിച്ചത്

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

“KSRTC ബസ്സിൽ പകൽ കൊള്ള.

ബഹുമാനപ്പെട്ട KSRTC മിനിസ്റ്റർ ശ്രീമാൻ എ. കെ ശശീന്ദ്രൻ സാറും വിവിധ KSRTC ട്രേഡ് യൂണിയൻ നേതാക്കളും പൊതു ജനങ്ങളും അറിയുവാൻ,

എന്റെ മകൻ 26/2/2018 ൽ വൈകിട്ടു നാലര മണിക്ക് അടൂരിൽ നിന്നും കൊട്ടാരക്കരക്ക്‌ പോകാനായി താഴെ ടിക്കറ്റിൽ കാണുന്ന (സൂപ്പർ ഫാസ്റ് ആണന്നു തോന്നുന്നു ) ബസിൽ കയറി. തമിഴ്നാട്ടിൽ ജനിച്ചു വളർന്ന 32 വയസ്സുള്ള എന്റെ മകന് വേണ്ട വിധം മലയാളം സംസാരിക്കാൻ അറിയില്ല. കേരളത്തിലെ സ്ഥലങ്ങളെ കുറിച്ച് വേണ്ടത്ര അറിവും ഇല്ല. ഇന്ത്യയിലെ വിദ്യാഭ്യാസം കഴിഞ്ഞു, കഴിഞ്ഞ 10 വർഷമായിട്ടു വിദേശത്ത് ജോലി നോക്കുകയാണ്. കേരളവുമായി വര്ഷങ്ങളായി യാതൊരു ബന്ധവുമില്ല. വാർധക്യത്തിൽ കഴിയുന്ന ഗ്രാൻഡ് പേരന്റ്സിനെ കാണാനുള്ള യാത്രയിലാണ് തനിയെ കേരളത്തിൽ പോയത്.
കൈയിൽ ചില്ലറ ഇല്ലാത്ത കാരണം 22രൂപ ടിക്കറ്റിന് 500/-രൂപയുടെ നോട്ട് കണ്ടക്ടർക്ക് കൊടുത്തു. ബാക്കി കൊടുക്കുകയോ ടിക്കറ്റിൽ എഴുതുകയോ ചെയ്തില്ല. വണ്ടി കൊട്ടാരക്കരയിൽ വന്നപ്പോൾ ബാക്കി പൈസ ആവശ്യപ്പെട്ടു. യാതൊരു പ്രതികരണവും കൂടാതെ കണ്ടക്ടർ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹം തിരികെ വരുന്നതു വരെ എന്റെ മകൻ ബസിൽ തന്നെ ഇരുന്നു. കണ്ടക്ടർ വന്നപ്പോൾ ബാലൻസ് പൈസ ആവശ്യപ്പെട്ടു. കണ്ടക്ടർ യൂണിഫോമിട്ട ഈ വിരുതൻ ഡബിൾ ബെൽ അടിച്ചു വണ്ടി വിട്ടു. എന്നിട്ടും ബാലൻസ് കൊടുക്കാൻ ഈ തെണ്ടി കൂട്ടാക്കിയില്ല. ഭാഷയും സ്ഥലവും അറിയാൻ വയ്യാത്ത ഒരു ചെറുപ്പക്കാടനോട് ഇത്രയും മോശമായി ഒരു കേരള ഗവർമെന്റ് ജോലിക്കാരൻ ഇടപെട്ടു എന്നു പറഞ്ഞാൽ….
വീണ്ടും ഒരു ടിക്കറ്റ് 13 രൂപ വാങ്ങി കൊടുത്തു. ടിക്കറ്റ്റിൽ വാളകം എന്നു കാണിക്കുന്നുണ്ട് എങ്കിലും അവനെ ഇറക്കിവിട്ടത് ആയൂരിൽ ആണെന്ന് പറയുന്നു. ബാലൻസ് പണം കൊടുക്കത്തില്ല എന്നു മനസിലാക്കിയ മകൻ കണ്ടക്ടറുടെ ഒരു ഫോട്ടോ എടുത്തു. ഇതു ഞാൻ നിന്റെ ഉയർന്ന അധികാരികളെ അറിയിക്കും, ഫേസ് ബുക്കിൽ ഫോട്ടോ സഹിതം ഇടും എന്നുപറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ ബാക്കി പണം കൊടുത്തു. ആയൂരിൽ നിന്നും സന്ധ്യ മയങ്ങിയ നേരത്തു വഴിയറിയാത്ത മകൻ 250/-രൂപ കൊടുത്തു ആട്ടോ പിടിച്ചാണ് കൊട്ടാരക്കരയിൽ വീട്ടിലെത്തിയത്.

KSTRC അധികാരികളെ, പറയൂ, എന്താണ് നിങ്ങളുടെ സ്ഥാപനത്തിൽ നടക്കുന്നത് ?നിങ്ങളുടെ അറിവോടെയാണോ ഇതൊക്കെ നടക്കുന്നത് ? എന്തു വിശ്വസിച്ചാണ് ആളുകൾ നിങ്ങളുടെ ബസ്സിൽ കയറേണ്ടത് ?32 വയസ്സുള്ള ഒരു യുവാവിനോട് ഇത്രയും ക്രൂരത ചെയ്തപ്പോൾ ആ സ്ഥാനത്തു ഒരു പെൺകുട്ടിയായിരുന്നെങ്കിലോ ?ഒരു ബസ് നിറയെ യാത്രക്കാർ ഉണ്ടായിട്ടും ഇങ്ങനെ പെരുമാറാൻ ഒരു കണ്ടക്ടർക്ക് എങ്ങനെ ധൈര്യം വന്നു ? എന്താണ് ഇതിന്റെ ഒക്കെ അർത്ഥം ? ആ നാറിയെ കൈ കാര്യം ചെയ്യാനുള്ള ആരോഗ്യം എന്റെ മകനുണ്ടായിട്ടും സംയമനം പാലിച്ചതാണോ അവന്റെ കൈയിലെ തെറ്റ് ? ഞാൻ എന്റെ സങ്കടം പൊതുജനത്തിന്റെ മുന്നിൽ സമർപ്പിക്കുന്നു.

ബഹു. മന്ത്രീ സഖാവേ, ദയവായി ഇതു അനുവദിക്കരുത്. ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം അങ്ങേക്കുണ്ട്.കൊള്ളക്കാരെയാണോ കണ്ടക്ടർ പണിക്ക് നിയമിച്ചിരിക്കുന്നത് ? ഈ കണ്ടക്ടർക്ക് യോഗ്യമായ ശിക്ഷ അങ്ങ് ഉറപ്പാക്കണം. ഇനിയും ഇവൻ ഇതുപോലെ ആരോടും ഇങ്ങനെ ചെയ്യരുത്. അങ്ങേയുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കിൽ, നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് അറിയിക്കുന്നു.
കണ്ടക്ടറുടെ ഫോട്ടോയും ടിക്കറ്റുകളുടെ ഫോട്ടോയും ഇതോടൊപ്പം ചേർത്തിരിക്കുന്നു.”
john thomas facebook post