കൊട്ടാരക്കരയിൽ പിടിയിലായ കഞ്ചാവ് മൊത്തവ്യാപാരിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ;റൂറൽ ജില്ലയിൽ കഞ്ചാവിനു അടിമകളായി ആയിരത്തിലേറെ വിദ്യാർഥികൾ

കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമായി കഞ്ചാവിനു അടിമകളായി ആയിരത്തിൽ അധികം വിദ്യാർഥികൾ ഉണ്ടെന്നു പോലീസിന്റെ വെളിപ്പെടുത്തൽ.ഞെട്ടിപ്പിക്കുന്ന കണക്കുകളാണു റൂറൽ ജില്ല പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.മൂന്നിറിലേറെ വിദ്യാർഥികളുടെ രക്ഷിതാക്കളുമായി ഇതിനോടകം തന്നെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കൂടാതെ അടിമകളായ വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും ചേർത്ത് ബോധവൽക്കരണത്തിനും ഒരുങ്ങുകയാണെന്ന് റൂറൽ എസ്.പി ബി.അശോകൻ അറിയിച്ചു.ഈയിടെ പിടിയിലായ കഞ്ചാവ് മൊത്തവ്യാപാരിയിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണു കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ പോലീസിനു ലഭിച്ചത്.കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമായി ഉള്ള മിക്ക കോളേജുകളിലും ക്യാപസുകളിലും കഞ്ചാവ് ലോബികൾ ശക്തമാണെന്നാണു കണ്ടെത്തൽ.കൂടാതെ ഹോസ്റ്റലുകളിലും ക്യാപസുകളിലും കഞ്ചാവ് വിൽക്കുന്നവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പിടിയിലായ മൊത്തവ്യാപാരിയിൽ നിന്നും നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു