K.S.R.T.C ഷെഡ്യൂളിൽ പരിഷ്കാരം;കൊട്ടാരക്കര ഡിപ്പോയിലും വൻ വരുമാന വർധന

കൊട്ടാരക്കര ∙ കെഎസ്ആർടിസി ഷെഡ്യൂളിൽ പരിഷ്കാരം; കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ വൻ വരുമാന വർധന. 25% വരുമാനം വർധിച്ചതായാണു കണക്കുകൾ. ഇപ്പോഴത്തെ ശരാശരി ദിവസ വരുമാനം 13 ലക്ഷം രൂപയാണ്. ഇവിടെനിന്നു ബെംഗളൂരുവിലേക്ക് ആരംഭിച്ച സ്കാനിയ ബസിനും 50,000 രൂപയാണു റൂട്ട് വരുമാനം.
ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അഭാവം കാരണം വെട്ടിക്കുറച്ച ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചതും ഗ്രാമീണ റൂട്ടുകളിൽ വരുമാനവിധേയമായി കൂടുതൽ സർവീസ് തുടങ്ങിയതുമാണു വരുമാന വർധനയ്ക്കു കാരണമെന്നു ഡിടിഒ സി.ഉദയകുമാർ അറിയിച്ചു. ജീവനക്കാരുടെ ക്ഷാമം കാരണം ദിവസവും 10 ബസുകൾ ട്രിപ്പ് മുടക്കിയിരുന്നു.
ജീവനക്കാരുടെ സഹകരണത്തോടെ എല്ലാ ഷെഡ്യുളുകളും പുനഃസ്ഥാപിച്ചു. 105 – 110 ഷെഡ്യൂളുകൾ ദിവസവും സർവീസ് നടത്തുന്നു. നേരത്തേ നൂറിൽ താഴെ സർവീസുകളാണുണ്ടായത്. ഈയിടെ ചില ദിവസങ്ങളിൽ വരുമാനം 15 ലക്ഷം കടന്നു. ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന വരുമാനമാണിത്. കെഎസ്ആർടിസി എംഡി എ.ഹേമചന്ദ്രന്റെ നിർദേശപ്രകാരമാണു പരിഷ്കാരങ്ങൾക്കു രൂപം നൽകിയത്. പി.അയിഷ പോറ്റി എംഎൽഎയുടെ സഹായത്തോടെ കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കാനാണ് ശ്രമം.
ഗ്രാമീണ റൂട്ടുകളിലൂടെ ചെയിൻ സർവീസും വ്യാപകമാക്കി. 50 ബസുകളാണു ചെയിൻ സർവീസിലുൾപ്പെടുത്തി ആരംഭിച്ചത്. സ്കാനിയ ഒഴികെ മുൻപുണ്ടായിരുന്ന ബസുകൾതന്നെയാണു സർവീസ് നടത്തി വരുമാനം കൊയ്യുന്നത്. സ്കാനിയയ്ക്കു പകരമായി സൂപ്പർഫാസ്റ്റ് ബസും സർവീസ് നടത്തിയിരുന്നു. കൊട്ടാരക്കര നിന്നു ബെംഗളൂരുവിലേക്കും മൈസൂരിലേക്കും കൂടുതൽ സ്കാനിയ സർവീസുകൾ ആരംഭിക്കാനാണു ശ്രമം.

Credit:Malayala Manorama