ചെപ്രയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി ട്രാൻസ്ഫോർമർ കത്തിയമർന്നു

കൊട്ടാരക്കര : ചെപ്ര പിണറ്റിന്‍മൂട്ടില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ മൂന്നുമണിക്കൂറോളം തീപടര്‍ന്നത് നാട്ടുകാരെ ആശങ്കയിലാക്കി. അഞ്ചുമണിക്ക് പടരാനാരംഭിച്ച തീ എട്ടേകാലോടെയാണ് അഗ്നിശമനസേനയെത്തി അണച്ചത്. വലിയതോതില്‍ തീപടര്‍ന്നത് സമീപമുള്ള വീടുകാരെയും ആശങ്കയിലാഴ്ത്തി. പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായി തകരാറിലായി. അധികൃതരുടെ അനാസ്ഥ ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. രണ്ടാഴ്ച മുന്‍പുതന്നെ ട്രാന്‍സ്‌ഫോര്‍മറില്‍ വലിയതോതില്‍ ഓയില്‍ ചോര്‍ച്ച ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈവിവരം കെ.എസ്.ഇ.ബി. അധികൃതരെയും അറിയിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് വിദഗ്ധരെത്തി ശരിയാക്കുമെന്നായിരുന്നു മറുപടി. ശനിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ തീപടര്‍ന്ന വിവരം അറിയിച്ചിട്ടും മണിക്കൂറുകള്‍ക്കുശേഷമാണ് ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തിയത്. തീപിടിത്തം നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയില്‍ നിര്‍ത്തി.

Credit:Mathrubhumi