സംസ്ഥാനതല കിരീടം സദാനന്ദപുരം സ്കൂൾ സ്വന്തമാക്കി

കൊല്ലം: വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് സംഘടിപ്പിച്ച കുട്ടികളുടെ പത്താമത് ജൈവ വൈവിദ്ധ്യ കോൺഗ്രസിൽ സദാനന്ദപുരം ഗവ. ഹയർസെക്കൻറി സ്‌കൂളിന്റെ കൃഷിയിട ഗവേഷണ പ്രോജക്ടിന് ഒന്നാംസ്ഥാനം. സ്കൂൾ ടീം ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി
നമുക്ക് ചുറ്റുമുള്ള ജൈവ വൈവിദ്ധ്യം എന്നതായിരുന്നു കോൺഗ്രസിന്റെ ചിന്താവിഷയം. ജില്ലയിലെ കാലാസ്ഥയ്ക്ക് അനുയോജ്യമായ, രോഗപ്രതിരോധശേഷിയുള്ള വെണ്ട ഇനം ഏതെന്നു കണ്ടെത്താൻ സദാനന്ദപുരം കൃഷിയിട വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തിയ ഗവേഷണമാണ് സ്‌കൂളിനെ സുവർണനേട്ടത്തിലെത്തിച്ചത്. സമഗ്ര കാർഷിക വിപ്ലവത്തിന് നാന്ദികുറിച്ച് വിദ്യാലയത്തിലും വീട്ടിലും വിഷരഹിത ജൈവപച്ചക്കറി സംസ്‌കാരം വ്യാപിപ്പിക്കാൻ വിത്തുകളും ഫലവൃക്ഷത്തെകളും കൈമാറ്റം ചെയ്ത അന്യോന്യം – വീടും വിദ്യാലയവും പദ്ധതി നടപ്പാക്കി സംസ്ഥാനതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ സ്‌കൂളിന് ഈ നേട്ടം ഇരട്ടി മധുരമായി.

തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ജൈവൈവിദ്ധ്യ കോൺഗ്രസിൽ നടന്ന മത്സരത്തിൽ കൊല്ലം റവന്യു ജില്ലയെ പ്രതിനിധീകരിച്ചാണ് സദാനന്ദപുരം സ്‌കൂൾ ടീം പങ്കെടുത്തത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും കാർഷിക ക്ലബ് അംഗങ്ങളുമായ എ. അനില, ഒ. ശിവലക്ഷ്മി, എ.എസ്. അർജുൻകൃഷ്ണ, എസ്. ആരോമൽ, അജിൻ കെ. അലക്‌സാണ്ടർ, എച്ച്. കാർത്തിക, ശ്രാവൺ എം. ദേവ് എന്നിവരാണ് ഗവേഷണത്തിൽ പങ്കാളികളായത്.

News Credit:Kerala kaumudi