പുലമൺ തോട്ടിലെ കയ്യേറ്റങ്ങൾ ഏപ്രിലിന് മുൻപ് ഒഴിപ്പിക്കാൻ തീരുമാനം

കൊട്ടാരക്കര ∙ പുലമൺ തോട്ടിലെ കയ്യേറ്റങ്ങൾ ഏപ്രിലിനു മുൻപ് ഒഴിപ്പിച്ച് ഹരിതകേരളം പദ്ധതിയുടെ ഭാഗമായ നവീകരണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ ഡോ. എസ്.കാർത്തികേയന്റെ കർശന നിർദേശം. തോട്ടിലേക്കു മലിനജലം ഒഴുക്കുന്ന ചാലുകൾ പൂർണമായും ഉടൻ അടയ്ക്കാനും നിർദേശിച്ചു. ഒരു വർഷത്തിനകം നവീകരണ പദ്ധതികൾ പൂർത്തിയാക്കണം. 40 കോടിയുടെ നവീകരണ പദ്ധതികൾ ചർച്ച ചെയ്തു. ഹരിതകേരളം അസി. ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചു പ്രവർത്തനം നടത്തും. താലൂക്ക് ഓഫിസിൽ നടന്ന ഉദ്യോഗസ്ഥ യോഗത്തിലാണു തീരുമാനം.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും ചാലുകൾ അടയ്ക്കുന്നതിനും കലക്ടർ നേതൃത്വം നൽകും. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് യോഗം വിളിച്ചതെന്ന് കലക്ടർ അറിയിച്ചു. ജില്ലയിൽ ഒരു വർഷത്തിനകം പൂർത്തിയാക്കുന്ന പട്ടികയിൽ പി.അയിഷ പോറ്റി എംഎൽഎയുടെ നിർദേശപ്രകാരം പുലമൺതോട് പദ്ധതി ഉൾപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു. മീൻപിടിപാറ മുതൽ കല്ലടയാറ് വരെ നാല് തദ്ദേശ സ്ഥാപന പരിധിയിലായി 16 കിലോമീറ്റർ ദൂരത്തിലാണു തോട് ഒഴുകുന്നത്. തഹസിൽദാർ ബി.അനിൽകുമാർ, ഭൂരേഖ തഹസിൽദാർ ആർ.ബീനാറാണി, എംഎൽഎയുടെ പ്രതിനിധി വിനോദ് എന്നിവരും വിവിധ വകുപ്പ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
∙പുലമൺതോട്ടിലെ കയ്യേറ്റക്കാരുടെ ലിസ്റ്റും സർവേ സംബന്ധമായ രേഖകളും 10 ദിവസത്തിനകം റവന്യു വകുപ്പ് കൊട്ടാരക്കര നഗരസഭയ്ക്കു കൈമാറണം.
∙നഗരസഭ സെക്രട്ടറി മുൻകൈയെടുത്തു പൊലീസ് സഹായത്തോടെ മുഴുവൻ കയ്യേറ്റങ്ങളും ഉടൻ ഒഴിപ്പിക്കണം.
∙അന്യാധീനപ്പെട്ട മുഴുവൻ സർക്കാർ ഭൂമിയും തിരിച്ചുപിടിച്ച് പുലമൺതോട് വികസനത്തിന് ഉപയോഗിക്കണം.
∙പുലമൺ തോട്ടിലേക്ക് ഹോട്ടലുകളും ആശുപത്രികളും നിർമിച്ച അഴുക്കുചാലുകൾ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ഉടൻ അടയ്ക്കണം. ശുചിത്വ മിഷൻ ഫണ്ട് നൽകണം. (17 ചാലുകൾ പരിശോധനയിൽ കണ്ടെത്തിയെന്നു കലക്ടറെ അറിയിച്ചു). പരിശോധന വീണ്ടും തുടരണം.
∙പുലമൺതോട്ടിലേക്കു മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസും വൈദ്യുതി ബന്ധവും റദ്ദാക്കണം.
∙ഖരമാലിന്യം തോട്ടിൽ തള്ളുന്നില്ലെന്ന് ശുചിത്വമിഷൻ ഉറപ്പാക്കണം. നടപടി സ്വീകരിക്കണം.
∙ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തോട് ശുചീകരിക്കും
∙കല്ലട ജലസേചന പദ്ധതി കനാൽ ഡിസ്ട്രിബ്യൂട്ടറി അഞ്ച് കിലോമീറ്റർ ദൂരത്തിലൂടെ നിർമിച്ച് പുലമൺതോടുമായി ബന്ധിപ്പിക്കണം. വേനലിൽ തോട് വരളുന്നതു പരിഹരിക്കാനാണു നടപടി.
∙പൂവറ്റൂർ കെഐപി ഡിസ്ട്രിബ്യൂട്ടറിയിലെ തകരാർ പരിഹരിച്ച് ഒൻപത് കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുകാൻ സംവിധാനം വേണം.
∙മണ്ണ്, ജലസംരക്ഷണ വകുപ്പ് വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം.
∙നീർത്തട സംരക്ഷണ പദ്ധതികൾ വിപുലമാക്കണം.
∙ഭൂഗർഭജലം റീചാർജ് ചെയ്യണം.
∙ചെക്ക് ഡാം, സംരക്ഷണഭിത്തി, കൃത്രിമ ഫെൻസിങ്, നടപ്പാത, ഭൂവസ്ത്രം, തോട് പരിസരത്ത് ജൈവ വേലി എന്നിവ നിർമിക്കും.
∙കൊച്ചുമീൻപിടിപാറ മുതൽ പുലമൺ വരെയുള്ള ഭാഗങ്ങളിൽ മനോഹരമായ വെള്ളച്ചാട്ടത്തോടെയുള്ള ടൂറിസം പദ്ധതി നടപ്പാക്കും.
∙രണ്ട് തൂക്കുപാലങ്ങൾ, മൂന്ന് കിലോമീറ്റർ ദൂരത്തിൽ നടപ്പാത, സൈക്കിൾ ട്രാക്ക്, വിനോദ ഉപാധികൾ, ലഘുഭക്ഷണശാല, റെയിൻ ഷെൽറ്റർ എന്നിവ ടൂറിസം ഭാഗമായി നടപ്പാക്കും.
∙മൈനർ ഇറിഗേഷൻ, ടൂറിസം വകുപ്പ്, മണ്ണ്–ജലസംരക്ഷണ വകുപ്പുകൾ ആറു കോടിയോളം വീതം രൂപയുടെ പദ്ധതികൾ നടപ്പാക്കും.
∙ഹരിതമിഷൻ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതികൾ അവലോകനം ചെയ്യണം.
∙മൈനർ ഇറിഗേഷൻ, റവന്യു, കൊട്ടാരക്കര മുനിസിപ്പാലിറ്റി, മേലില, മൈലം, കുളക്കട ഗ്രാമപഞ്ചായത്തുകൾ, ശുചിത്വമിഷൻ, ഹരിത മിഷൻ, ടൂറിസം, വാട്ടർ അതോറിറ്റി, കല്ലട ജലസേചന പദ്ധതി, കൃഷി, വൈദ്യുതി, വനം വകുപ്പുകൾക്കാണ് പദ്ധതിയിൽ മുഖ്യ പങ്കാളിത്തം.

News Credit:Malayala Manorama