കൊട്ടാരക്കര ഫയർ സ്റ്റേഷൻ മാറ്റാൻ ശ്രമം

കൊട്ടാരക്കര:സ്വന്തമായി സ്ഥലമില്ലാതെ പരിമിതികളിൽ കഴിയുന്ന കൊട്ടാരക്കര ഫയർ സ്റ്റേഷൻ മൈലം, നെടുവത്തൂർ ഭാഗത്തേക്കു മാറ്റാൻ ശ്രമം.ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് അനുവദിക്കുന്ന അസിസ്റ്റന്റ് ഡിവിഷനൽ ഓഫിസും ഇതോടെ കൊട്ടാരക്കരയ്ക്കു നഷ്ടമാകും. കൊട്ടാരക്കര നഗരസഭയുടെ സ്ഥലത്താണ് ഇപ്പോൾ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ആധുനിക സംവിധാനമുള്ള കെട്ടിടം അനിവാര്യമാണ്. നിർമാണത്തിന് അഞ്ചു കോടി രൂപ വരെ ലഭിക്കും. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ തുക ലഭിക്കില്ല. നഗരസഭയുടെ സ്ഥലം വിട്ടുകിട്ടിയാൽ നടപടി സുഗമമാകും. 40 സെന്റ് സ്ഥലം ഇവിടെയുണ്ട്. എന്നാൽ സ്ഥലം വിട്ടുനൽകാൻ നഗരസഭ തയാറല്ല.സ്ഥലം വിട്ടുനൽകാൻ തയാറായി നെടുവത്തൂർ, മൈലം ഗ്രാമപഞ്ചായത്തുകൾ രംഗത്തുണ്ട്.

കൊട്ടാരക്കര ടൗണിൽ തന്നെ ഫയർ സ്റ്റേഷൻ നിലനിർത്താനാണ് ഫയർഫോഴ്സ് അധികൃതർക്കു താൽപര്യം. എന്നാൽ സ്വന്തമായി സ്ഥലമില്ലാതെ ഏറെ നാൾ മുന്നോട്ടു പോകാനാകില്ല. ടൗണിൽ പുലമൺതോടിനോടു ചേർന്നാണ് ഇപ്പോൾ പ്രവർത്തനം. പുലമൺ തോട്ടിൽ നിന്നുള്ള വെള്ളം തീ കെടുത്തലിന് ഉപയോഗിക്കാം. കൂടാതെ ഫോൺ കോൾ എത്തിയാൽ ക്ഷണനേരത്തിനുള്ളിൽ എത്താം. എംസി റോഡ് പരിസരങ്ങളിൽ നിന്നാണ് കൂടുതൽ ആവശ്യങ്ങളും എത്തുന്നത്. വിദൂരത്തേക്കു മാറ്റിയാൽ സേവനം വൈകുമെന്ന് ആശങ്കയുണ്ട്
കെട്ടിട സൗകര്യവും ജീവനക്കാരെയും വർധിപ്പിച്ചാൽ സേവനം വർധിപ്പിക്കാനാകും.എഡി ഓഫിസ് വേണമെന്ന വാദം ശക്തമാണ്.നഗരസഭ സ്ഥലം വിട്ടുനൽകിയാൽ ഫയർ സ്റ്റേഷനൊപ്പം എഡി ഓഫിസും ആധുനിക രീതിയിൽ നിർമിക്കാനാവും.
source:malayala manorama