കരുത്ത് തെളിയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി; കൊടിക്കുന്നിലിൻ്റെ നേതൃത്വത്തിൽ നടന്ന തൊഴിലാളി മാർച്ചിൽ വൻ ജനപങ്കാളിത്ത്വം


കൊട്ടാരക്കര:കശുവണ്ടിത്തൊഴിലാളികളെ അവഗണിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ എഴുകോൺ ഇഎസ്ഐ ആശുപത്രിയിലേക്കു കശുവണ്ടിത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും വൻപ്രകടനം.

മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കശുവണ്ടിത്തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയ സർക്കാർ നീക്കം ഉപേക്ഷിക്കുക, ഇഎസ്ഐ ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള ഹാജർ 76ൽ നിന്നു 156 ആയി വർധിപ്പിച്ചതു പിൻവലിക്കുക, കശുവണ്ടിത്തൊഴിലാളികൾക്കു സൂപ്പർ സ്പെഷ്യൽറ്റി ചികിത്സാ ആനുകൂല്യം നിലനിർത്തുക തുടങ്ങിയ 23 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

മാർച്ചിൽ ആയിരങ്ങൾ അണിനിരന്നതോടെ കൊല്ലം – തിരുമംഗലം ദേശീയപാതയിൽ കുണ്ടറ മുതൽ കൊട്ടാരക്കര വരെ ഏറെനേരം ഗതാഗതം സ്തംഭിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി അംഗങ്ങളായ വെളിയം ശ്രീകുമാർ, സരോജിനി ബാബു, നിർവാഹക സമിതിയംഗം പൊടിയൻ വർഗീസ്, രാജേന്ദ്രപ്രസാദ്, സൂരജ് രവി, പി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.