കൊട്ടാരക്കരയിൽ മുൻഗണന റേഷൻ കാർഡ് ഉള്ള ആഡംബര കാർ ഉടമയേയും വൻകിട കരാറുകാരനേയും കണ്ടെത്തി

കൊട്ടാരക്കര: താലൂക്കിൽ ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള മുൻഗണനാ റേഷൻ കാർഡ് സർക്കാരിനെ കബളിപ്പിച്ച് കൈവശം വച്ച ആഡംബര കാർ ഉടമയെയും വൻകിട കരാറുകാരനെയും പരിശോധനയിൽ കണ്ടെത്തി. നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ.സെയ്ഫ് അറിയിച്ചു.

വാളകത്തെ റേഷൻ കടയിലാണു 60 ലക്ഷം വിലവരുന്ന കാറിന്റെ ഉടമസ്ഥൻ മുൻഗണനാ റേഷൻ കാർഡുകാരൻ ഉള്ളത്. മോട്ടോർ വാഹന വകുപ്പ് വഴി ലഭിച്ച വിവരങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.

ഇളമാട് പഞ്ചായത്തിലെ 247 നമ്പർ റേഷൻ കടയിലെ മുൻഗണന കാർഡുടമ പൊതുമരാമത്ത് വകുപ്പിന്റെ വൻകിട കരാറുകാരനാണ്. യഥാർഥ ധനസ്ഥിതി മറച്ചു വച്ചാണ് ഇയാൾ മുൻഗണനാ റേഷൻ കാർഡ് സ്വന്തമാക്കിയത്. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള നടപടി ഉടൻ തുടങ്ങും.‎

മുൻഗണന റേഷൻ കാർഡ് ഇനിയും നിയമവിരുദ്ധമായി കൈവശം വച്ചിട്ടുള്ള നാലു ചക്രവാഹന ഉടമകളുടെ പേരു വിവരം അതതു റേഷൻ കടകളിൽ പൊതുജനങ്ങളുടെ ഓഡിറ്റിനു വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി മുൻഗണന റേഷൻ കാർഡ് നിലനിർത്തിയാലും നടപടി ഉണ്ടാകും.